സ്പേസ് എക്സ് ക്രൂ-10 ബഹിരാകാശ നിലയത്തിലെത്തി; സ്വീകരിച്ച് സുനിത വില്യംസ്
ഫ്ലോറിഡ: സ്പേസ് എക്സ് ക്രൂ-10 ദൗത്യത്തിലെ ബഹിരാകാശ യാത്രികര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. നാസയുടെ ബഹിരാകാശ സഞ്ചാരികളായ ആന്‍ മക്ക്ലെയിന്, നിക്കോളെ അയേഴ്സ്, ജപ്പാന്റെ ടകുയു ഒനിഷി, റഷ്യയുടെ കിരില്‍ പെസ്കോവ് എന്നിവരാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയത്.
ഇന്ത്യന്‍ സമയം ഞായറാഴ്ച രാവിലെ 9.30-ഓടെ ക്രൂ ഡ്രാഗണ്‍ പേടകത്തിന്റെ ഡോക്കിങ് പൂർത്തിയായി. രാവിലെ 11.05-ന് പേടകത്തിന്റെ ഹാച്ച് തുറന്ന് യാത്രികര്‍ ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിച്ചു. അടുത്ത ബാച്ച് സഞ്ചാരികളെ സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും നേതൃത്വത്തില്‍ സ്വീകരിച്ചു.
കഴിഞ്ഞ ജൂണ്‍ മുതല്‍ ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും സുരക്ഷിതമായി ഭൂമിയിലേക്ക് തിരിച്ചെത്തിക്കുകയാണ് ക്രൂ-10 ദൗത്യത്തിന്റെ ലക്ഷ്യം. മാര്‍ച്ച് 19 ബുധനാഴ്ച സുനിത ഉള്‍പ്പെടെയുള്ളവരുമായി പേടകം ഭൂമിയിലേക്ക് തിരിക്കും.